ബ്രണ്ണൻ കോളേജിനെ പുളകിതമാക്കി, വിദ്യാർത്ഥികൾക്കൊപ്പം ചാക്കോച്ചന്റെ കിടിലൻ ഡാൻസ്

ബ്രണ്ണൻ കോളേജിനെ പുളകിതമാക്കി കോളജ് വിദ്യാർഥികൾക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കിടിലൻ ഡാൻസ്. ” ന്നാ താൻ കേസു കൊട് എന്ന ചിത്രത്തിന്റെ പ്രോമോഷന്റെ ഭാഗമായി ബ്രണ്ണൻ കോളേജിൽ എത്തിയതായിരുന്നു കുഞ്ചാക്കോ ബോബനും, സിനിമയുടെ മറ്റ് അണിയറ പ്രവർത്തകരും. ദേവദൂതർ പാടി എന്ന ഗാനത്തിന് വിദ്യാർഥികൾക്കൊപ്പം ചുവടു വെക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

“ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ 1985 ൽ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ഈ അടുത്ത് റീലിസ് ചെയ്തിരുന്നു അതിൽ ചുവടുകൾ വെക്കുന്ന കുഞ്ചാക്കോ ബോബന്റെ വീഡിയോ വൈറലുമായിരുന്നു.

ബിജു നാരായണൻ ആണ് പുതിയ പതിപ്പിലെ പാട്ട് ആലപിച്ചിരിക്കുന്നത്. ഈ പാട്ടിനൊത്ത് ചുവടു വയ്ക്കുന്ന കുഞ്ചാക്കോ ബോബനെ നമുക്ക് കാണാം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമാണിത്.കാസർകോട്ടുകാരൻ ആയ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്.ചാക്കോച്ചന്റെ അഭിനയ ജീവിതത്തിലെ തികച്ചും വേറിട്ട ഒരു കഥാപാത്രമാണിത്. തമിഴ്നാട് നടി ഗായത്രി ശങ്കർ, ബേസിൽ ജോസഫ്, ഉണ്ണിമായ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് “ന്നാ താൻ കേസ് കൊട് “.

മമ്മൂട്ടി നായകനായി എത്തിയ ദേവദൂതർ പാടി എന്ന പാട്ടിന്റെ വരികൾ എഴുതിയത് ഒഎൻവി കുറുപ്പും ഈണം ഒരുക്കിയത് ഔസേപ്പച്ചനുമായിരുന്നു. അക്കാലത്തെ എവർഗ്രീൻ പാട്ടുകളിൽ ഒന്നായിരുന്നു ഇത്.