കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് മണിക്കുട്ടൻ.2005ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേക്ക് മണിക്കുട്ടൻ കടന്നുവരുന്നത് പിന്നീട് ഒട്ടനവധി നിരവധി കഥാപാത്രങ്ങൾ മലയാളികൾക്ക് മണിക്കുട്ടൻ സമ്മാനിച്ചിട്ടുണ്ട്. ഹരീന്ദ്രൻ ഒരു നിഷ്ക്കളങ്കൻ, മിന്നാമിന്നിക്കൂട്ടം, എൽസമ്മ എന്ന ആൺകുട്ടി, കമ്മാരസംഭവം തുടങ്ങിയ ചിത്രങ്ങളിലും മണിക്കുട്ടൻ വേഷമിട്ടിട്ടുണ്ട്.
എന്നാൽ ബിഗ്ബോസിൽ വന്നതിനുശേഷമാണ് മണിക്കുട്ടനെ ആരാധകർ കൂടുതൽ അടുത്തറിയുന്നത്. ബിഗ് ബോസ് മൂന്നാം സീസണിന്റെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു മണിക്കുട്ടൻ. വിന്നർ ആയതിന്റെ ഒരു വർഷം തികയുന്ന സന്തോഷമാണ് മണിക്കുട്ടൻ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്, കൂടെ നിന്നവർക്കും താരം നന്ദി പറയുന്നുണ്ട്. ബിഗ് ബോസിൽ എത്തിയതോടുകൂടിയാണ് മണിക്കുട്ടന് എം.കെ എന്നപേര് ആരാധകർ നൽകിയത്
മണിക്കുട്ടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
പ്രേക്ഷകരുടെ മുന്നിൽ ബിഗ്‌ബോസ് സീസൺ 3 വിന്നർ ആയിട്ട് ഇന്നു ഒരു വർഷം തികയുകയാണ്. പ്രിയപ്പെട്ട പ്രേക്ഷകരുടെ മനസ്സിന്റെ നന്മയുടെ വിജയമായി അന്നും ഇന്നും ഞാൻ അതിനെ കാണുന്നു. പതിനാറു വർഷത്തെ സിനിമാജീവിതത്തിൽ അംഗീകാരങ്ങൾ കിട്ടാതിരുന്ന അവസരങ്ങളിൽ മനസ്സ് മടുത്തിട്ടില്ല അതുകൊണ്ട് തന്നെ ഒരു അംഗീകാരം കിട്ടിയപ്പോൾ അതിലൊരിക്കലും മതിമറന്നു പോയിട്ടുമില്ല. അഭിനയവിദ്യാർഥിയായ എനിക്ക് ഇനിയും മുമ്പത്തെക്കാൾ ഒരുപാട് അധ്വാനത്തിലൂടെ മുന്നോട്ട് യാത്ര ചെയ്യാനുണ്ട്. നിങ്ങളുടെ ജീവിതത്തിന്റെ തിരക്കുകൾക്ക് ഇടയിൽ തുടർന്നും സ്നേഹവും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണം.
സ്വന്തം MK