മലയാള താരങ്ങളുടെ സംഘടനയായ അമ്മയുടെ ജനറൽബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തതിൽ മോഹൻലാൽ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുകൾ.
വിജയ് ബാബു യോഗത്തിൽ പങ്കെടുക്കും എന്ന് പറഞ്ഞപ്പോൾ മാറിനിൽക്കാൻ പറയാമായിരുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞതായി റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ വിജയ് ബാബു യോഗത്തിലേക്ക് വരുന്ന വീഡിയോ” മാസ്സ് ഇൻട്രോ” എന്ന പേരിൽ അമ്മയുടെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചവരെ യോഗത്തിൽ വിളിച്ചുവരുത്തി മോഹൻലാൽ ശകാരിച്ചു എന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
വിജയ് ബാബുവിനെ യോഗത്തിൽ എത്തിച്ചത് വലിയ വിമർശനത്തിന് ഇടയാക്കി എന്നും ഇന്നലത്തെ എക്സിക്യൂട്ടീവ് യോഗത്തിൽ ഈ കാര്യം വിലയിരുത്തിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞദിവസം ഗണേഷ് കുമാർ എംഎൽഎ നൽകിയകത്തിൽ മോഹൻലാൽ രേഖാമൂലം മറുപടി നൽകുമെന്ന് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് അറിയിച്ചിരുന്നു. ഇന്ന് നടന്ന യോഗത്തിന്റെ വിശദാംശങ്ങൾ വാർത്ത കുറിപ്പിലൂടെ ഇറക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ലൈംഗികപീഡനക്കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചിരുന്നു. കേരള ഹൈക്കോടതി വേദിയുടെ ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നു വ്യക്തമാക്കി കൊണ്ടാണിത്.