അടി ഇടി പൂരങ്ങളുടെ സിനിമയാണ് കടുവ. ഷാജി കൈലാസിന്റെ ഹിറ്റ് പടങ്ങളുടെ ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന ഒരു ചിത്രം. എട്ടു വർഷങ്ങൾക്കു ശേഷം ഷാജി കൈലാസ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ചിത്രം. എന്നാൽ ഇപ്പോൾ ചിത്രത്തിലെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം കടുവ ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ് ചിത്രത്തിന് വമ്പൻ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു എബ്രഹാമാണ്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻ എന്നിവയുടെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുമ്പോൾ കടുവാക്കുന്നേൽ കുര്യച്ചന്റെ പിതാവിന്റെ കഥാപാത്രത്തെ കൊണ്ടുവരാനാണ് അണിയറ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ജിനു വി എബ്രഹാമും ഷാജി കൈലാസും ആരംഭിച്ചുകഴിഞ്ഞു. പൃഥ്വിരാജിന്റെ പിതാവിന്റെ വേഷത്തിൽ മമ്മൂട്ടിയെ കൊണ്ടുവരാനാണ് ഇപ്പോൾ സാധ്യത കൂടുതൽ. ഈ കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടിയോട് സംസാരിച്ചതായി വിവരം ഉണ്ട്, എന്നാൽ മമ്മൂട്ടി ഇതുവരെ വാക്കുകൊടുത്തിട്ടില്ല. കടുവാക്കുന്നേൽ കുര്യച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയുടെ ചിത്രവുമായി മമ്മൂട്ടിക്ക് സാദൃശ്യമുണ്ട്. ഇതിലൂടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി എത്താനുള്ള സാധ്യതകളാണ് അണിയറപ്രവർത്തകർ തുറന്നുകാണിക്കുന്നത്.