പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന എമ്പുരാൻ. ചിത്രത്തെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് ഇന്ന് വൈകുന്നേരം ചിത്രത്തെക്കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ പുറത്തുവരുമെന്ന് സംവിധായകനായ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത് ഇതിനു മുന്നോടിയായി പൃഥ്വിരാജ്, മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി തുടങ്ങിയവർ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോയും താരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും പൃഥ്വിരാജ് പറയുന്നുണ്ട്. എന്നാൽ ചിത്രീകരണം എന്ന് തുടങ്ങും എന്നോ റിലീസ് തീയതിയെ സംബന്ധിച്ച വിവരങ്ങളോ പറയാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
ലൂസിഫർ എന്ന ചിത്രത്തിനു ശേഷം പ്രേക്ഷകർ നൽകിയ പിന്തുണയാണ് എമ്പുരാൻ ചെയ്യുന്നതിനുള്ള പ്രചോദനം എന്നും പൃഥ്വിരാജ് പറയുന്നുണ്ട്. മുരളി ഗോപി തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ സിനിമയിൽ അവതരിപ്പിച്ചത്, ചിത്രത്തിന്റെ ക്ലൈമാക്സിൽ രണ്ടാം ഭാഗത്തിന്റെ സൂചനയും ട്വിസ്റ്റും നൽകിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്.