കിടിലൻ ആക്ഷൻ രംഗങ്ങളിൽ ആറാടി   പൃഥ്വിരാജ് , കടുവയുടെ രണ്ടാം ടീസർ പുറത്തിറങ്ങി

ആക്ഷൻ രംഗങ്ങൾ കൊണ്ട്   വിരുന്നൊരുക്കി പൃഥ്വിരാജ്  ചിത്രം കടുവയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജിനു വി എബ്രഹാമാണ്.

സിംഹാസനം എന്ന ചിത്രത്തിനുശേഷം പൃഥ്വിരാജ് ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന രണ്ടാമത്തെ ചിത്രമാണ് കടുവ. ജൂൺ 30ന് തീയേറ്ററുകളിൽ  റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന്റെ ഗംഭീര ആക്ഷൻ രംഗങ്ങളാണ് ടീസറിൽ ഉടനീളം കാണാൻ സാധിക്കുക. കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയിൽ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന വ്യവസായിയുടെ വേഷത്തിലാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്.

ലൂസിഫർ എന്ന ചിത്രത്തിനു ശേഷം വിവേക് ഒബ്റോയി മലയാളത്തിൽ എത്തുന്ന ചിത്രമാണിത്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ, തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ വൃദ്ധി വിശാലും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് കനൽ കണ്ണനും മാഫിയ ശശിയും ചേർന്നാണ്. അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്, ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതസംവിധാനം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്റെയും  മാജിക് ഫ്രെയിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.