Vijay Babu New Movie- ബലാത്സംഗ കേസിൽ പോലീസ് അന്വേഷണം തുടർന്നു കൊണ്ടിരിക്കുമ്പോൾ സിനിമാ രംഗത്ത് സജീവമായി വിജയ് ബാബു. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. ജോ എന്ന കഥാപാത്രത്തിലൂടെയും ആവറേജ് അമ്പിളി എന്ന വെബ് സീരിയലുകളിലൂടെയും ശ്രദ്ധേയനായ ആദിത്യൻ ചന്ദ്രശേഖരനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പയ്യന്നൂരിൽ ആണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
സുരാജ് വെഞ്ഞാറമൂട് ബേസിൽ ജോസഫ് സൈജുകുറുപ്പ് എന്നീ താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഉത്തര മലബാറിലെ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരഞ്ജന അനൂപ് ആണ് നായകവേഷത്തിലെത്തുന്നത്. തൻവി റാം ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് പേര് ഇതുവരെ നൽകിയിട്ടില്ല.
നാട്ടിൻപുറത്തെ സാധാരണക്കാരായ ഏതാനും പേരുടെ ജീവിതത്തിലെ ചില മുഹൂർത്തങ്ങളെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ, ആദിത്യൻ ചന്ദ്രശേഖരനും അർജുൻ നാരായണൻ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രാജേഷ് ശർമ,അഭിറാം രാധാകൃഷ്ണൻ തുടങ്ങിയ ഇരുപതോളം പുതുമുഖ താരങ്ങൾ സിനിമയിൽ എത്തുന്നുണ്ട്. ലിജോ പോളാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഈഫ്തിയാണ് ഈണം നൽകിയിരിക്കുന്നത്.
