ഹിറ്റ് ബോളിവുഡ് ഗാനം ‘കേസരിയാ മലയാളത്തിൽ പാടി ഹിഷാം അബ്ദുൽ വഹാബ്- സന്തോഷം പങ്കുവെച്ച് സംഗീതജ്ഞൻ

സിനിമാ പ്രേക്ഷക‍ർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ബ്രഹ്മാസ്ത്ര ഒന്നാം ഭാഗം: ശിവ’ എന്ന ചിത്രത്തിലെ ‘കേസരിയ’ എന്ന ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. രൺബീർ കപൂറും ആലിയ ഭട്ടും ഒന്നിക്കുന്ന ചിത്രത്തിൽ അർജിത് സിംഗ് ആലപിച്ച പ്രണയഗാനം സംഗീതപ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ്. അടുത്തിടെ ഏറെ ശ്രദ്ധേയമായ ‘ഹൃദയം’ എന്ന ചിത്രത്തിലെ ഹൃദയസ്പർശിയായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിലൂടെ പ്രശസ്തനായ ഹിഷാം അബ്ദുൾ വഹാബും സിദ് ശ്രീറാമും ചേർന്നാണ് കേസരിയ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്.
‘കുങ്കുമമാകേ’ എന്ന് പേരിട്ടിരിക്കുന്ന മലയാളം പതിപ്പിന് ‘കേസരിയ’ എന്ന ഒറിജിനൽ ഗാനത്തിന്‍റെ ഭംഗി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബ്രഹ്മാസ്ത്ര ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹിഷാം അബ്ദുൾ വഹാബ്.

“വൈറൽ ആയ കേസരിയ ഗാനത്തിന്‍റെ മലയാളം പതിപ്പ് ആലപിക്കാനയതിൽ വളരെ സന്തോഷമുണ്ട്. പ്രീതം സർ എന്നെ ബോർഡിൽ ഉൾപ്പെടുത്തിയതിന് നന്ദി സർ, നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ഏറെ മികച്ചതായിരുന്നു. താങ്കള്‍ എന്നെ ആദ്യമായി വിളിച്ചപ്പോൾ എനിക്കുണ്ടായ ആനന്ദം ഞാൻ ഇപ്പോഴും ഓർക്കുന്നു. നിങ്ങളുടെ സംഗീതം എല്ലായ്പ്പോഴും ഒരു പ്രചോദനവും അതിന്‍റെ ഭാഗമാകുന്നതിൽ സന്തോഷവുമുണ്ട്”, ഹിഷാം ഫേസ്ബുക്കിൽ കുറിച്ചിരിക്കുകയാണ്.